ഒരമ്മയുടെ ജനനം , ഒരു കുഞ്ഞിൻ്റേയും......
ഇതില കഥയും കഥാപാത്രങ്ങളും തികച്ചും യാഥാർഥ്യമാണ്😀 . '' 2025 മെയ് 17 ഹൈദരാബാദിലെ ആ ചെറിയ അപ്പാർട്ട്മെൻ്റിൽ സുപ്രഭാതം പറഞ്ഞ് എഴുന്നേറ്റ അവൾക്കും അവനും അത് സന്തോഷത്തിൻ്റെ ദിനമായിരുന്നു. നെഗറ്റീവ് ടെസ്റ്റുകൾക്ക് വിരാമമിട്ട് അന്ന് ആദ്യമായി ഒരു പോസിറ്റീവ് സൈൻ കാണപ്പെട്ടിരിക്കുന്നു. ആ പങ്കാളികൾക്കിടയിൽ ഒരു കുഞ്ഞതിഥി കൂടി വരാൻ പോവുകയാണ്. അവളെ ചേർത്തുപിടിച്ച് ഒരുമ്മയും കൊടുത്ത അവനിലെ സന്തോഷം ആ കണ്ണുകളിൽ തന്നെ സ്പഷ്ടം. പിന്നെ എത്രയും വേഗം ഡോക്ടറെ കാണാനും സ്ഥിരീകരിക്കാനുമുള്ള തിരക്കിലായി. Uber book ചെയ്യുന്നു, appointment എടുക്കുന്നു ഒടുവിൽ ഡോക്ടറുടെ ആദ്യ സ്കാനിംഗ്. Look .. 'the baby is flickering ഡോക്ടറുടെ വാക്കുകൾ കേട്ട് കൗതുകത്തോടെ അവർ രണ്ടാളും സ്ക്രീനിലേക്ക് നോക്കി നിന്നു . പിന്നെ ഈ സന്തോഷം വീട്ടുകാരുമായി പങ്കുവയ്ക്കലായി. അവരുടെ വക നിർദ്ദേശങ്ങൾ, ഉപദേശങ്ങൾ അങ്ങനെ പോയി ദിനങ്ങൾ .'ഓരോ ദിവസം കഴിയും തോറും ശാരീരികമായും മാനസികമായും ഒത്തിരി മാറ്റങ്ങൾ അവളിൽ പ്രകടമായി ഒരു തരം സൈക്കിക് വൈബ്രേഷൻ തന്നെ ഉണ്ടായെന്നു തോന്നുന്നു.😀 ഹോർമോണുകളുടെ അതിപ്രസരം തന്നെയായിരുന്നു പിന്നങ്ങോട്ട് '' 'എന്തിനേറെ പറയുന്നു പ്രിയപ്പെട്ടവൻ്റെ ഗന്ധം പോലും അവളെ ചർദ്ദിയിലേക്ക് എത്തിച്ചു. അവനാകട്ടെ നടക്കുന്നതൊന്നും മനസിലാകാതെ അന്തം വിട്ടു നിൽക്കുന്നു ഇത് എന്തൊരു ഗർഭം ആണ് എന്ന കണക്കിൽ ഗൂഗിളും യൂടൂബും പരതുന്നു . ഒരു നീണ്ട റിസർച്ചിനു ശേഷം പ്രഗ്നൻസി ഫസ്റ്റ് ട്രൈമസ്റ്റർ മാറ്റങ്ങളെ കുറിച്ച് അവൻ മനസിലാക്കുന്നു. ഇനി അവളെ കംഫർട്ട് സോണിൽ എത്തിക്കാൻ തന്നെക്കാൾ ഉചിതം വീട്ടുകാരാണ് എന്ന സത്യം മനസിലാക്കി രണ്ടാളും നാട്ടിലേക്ക് വണ്ടി കയറുന്നു. ഇനി അവളിലേക്ക് ചെല്ലാം.
സിനിമയിലും കഥകളിലും കണ്ടു ശിലിച്ച ചർദ്ദിയല്ല യഥാർഥ ഗർഭകാല ചർദ്ദി എന്ന് പതുക്കെ പതുക്കെ അവൾ മനസിലാക്കാൻ തുടങ്ങി. എന്തു കഴിച്ചാലും . എന്തിനേറെ പറയുന്നു പച്ച വെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥ. ആദ്യ 3 - 4 മാസം ഇതൊക്കെ തന്നെയായി സ്ഥിതി' സ്കാനിംഗും പരിശോധനകളും പതുക്കെ അവളുടെ ശരീരം മാറ്റങ്ങൾക്കടിപ്പെട്ടു കൊണ്ടിരുന്നു. സെക്കൻ്റ് ട്രൈമസ്റ്റർ ഡോക്ടേർസ് പറയും പോലെ Golden period തന്നെയായിരുന്നു. ചർദ്ദിയൊക്കെ മാറി വിശപ്പിൻ്റെ തല പൊക്കൽ ആയി . ക്ഷീണമൊക്കെ മാറി തൻ്റെ കുഞ്ഞിനെ കുറിച്ചുള്ള ചിന്തകളായി, വയറു വലുതാകുന്നതും ഒരു കുഞ്ഞു ജീവൻ്റെ അനക്കങ്ങളും അവൾ അറിഞ്ഞു തുടങ്ങി.ആഹാരത്തിന് ഇത്രയേറ രുചി തോന്നിയ സമയം വേറെ ഇല്ലായിരുന്നു. പൊതുവേ ആഹാരപ്രിയ അല്ലാത്ത അവൾ പാതിരാത്രികളിൽ അടുക്കളയിലെ പലഹാര പാത്രങ്ങൾ കാലിയാക്കാൻ തുടങ്ങി. മുമ്പ് ഇഷ്ടമില്ലാത്തവയൊക്കെ ആർത്തിയോടെ തിന്നുന്ന കാലം. മനസു കൊണ്ടും ശരീരം കൊണ്ടും അവൾ തൻ്റെ കുഞ്ഞിനു വേണ്ടി തയ്യാറെടുത്തു കൊണ്ടേയിരുന്നു.
Third trimester വീണ്ടും അവശതകളുടെ സമയമായിരുന്നു. രാത്രികളിലെ ഉറക്കക്കുറവും ക്ഷീണവും അതിൻ്റെ തീവ്രത കൂട്ടി. മനസിനെ വിഷമിപ്പിക്കുന്ന പല കാര്യങളിലൂടെയും കടന്നു പോകേണ്ടി വന്നു.
ഒടുവിൽ ആ ദിനം വന്നെത്തി. 2026 Jan 1 , അപ്രതീക്ഷിതമായ സംഭവങ്ങൾക്ക് ഒടുവിൽ Jan 1 ന്യൂ ഇയർ ദിനത്തിൽ ഡെലിവറിക്കായി തയ്യാറെടുക്കുന്നു. ഇനി ലേബർ റൂം കാഴ്ചകളിലേക്ക് പോകാം. ഒരു ഇഞ്ചക്ഷൻ പോലും പേടിയോടെ കാണുന്ന അവൾ ഇതാ ലേബർ റൂമിലെ അലർച്ചകൾക്കും ഡെലിവറി procedures നും സാക്ഷിയാകുന്നു .. ...... PV , ARM '' എന്നു വേണ്ട സകല വേദനകൾക്കും ഒടുവിൽ C- Section ചെയ്യാനായി ഡോക്ടേഴ്സ് വിധി എഴുതുന്നു. പിന്നെല്ലാം ആരുടെയൊക്കെയോ കൈകളിൽ .......
ഒടുവിൽ ഇതാ ബാഹുബലിയിലെ രാജമാത ശിവഗാമി സ്റ്റൈലിൽ ജയലക്ഷി ഡോക്ടർ ഒരു കുഞ്ഞു അത്ഭുദത്തെ എടുത്തുയർത്തി കൊണ്ട് പറയുന്നു ,പെൺകുട്ടിയാ കേട്ടോ... വീഡിയോകളിലും റീൽസുകളിലും കണ്ടതും പറഞ്ഞു കേട്ടതുമായ അനുഭവങ്ങൾക്കും അപ്പുറമായിരുന്നു അവൾക്ക് ആ നിമിഷം. ആദ്യത്തെ ഹൃദയത്തുടുപ്പുകൾ കേട്ട നിമിഷം മുതൽ ഇന്ന് ഇതാ കുഞ്ഞു കരച്ചിൽ കേൾക്കുന്ന വരെയുള്ള സന്തോഷവും സങ്കടവുമെല്ലാം അതിലുണ്ടായിരുന്നു. അമ്മ എന്ന അനിർവചനീയ സത്യത്തെ അവൾ തന്നിലൂടെ മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു എന്നു മാത്രമല്ല തൻ്റെ വഴികാട്ടിയും ഗുരുവും കൂട്ടുകാരിയും ഒക്കെയായി പ്രതിസന്ധികളിൽ തളരാതെ അവളുടെ ജീവിതത്തെ ചേർത്തു പിടിക്കുന്ന , മുന്നോട്ടു നയിക്കുന്ന തൻ്റെ അമ്മ തനിക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണ് എന്നു കൂടി അവൾ തിരിച്ചറിയുന്നു. അവളുടെ മാത്രം അനുഭവമാണ് ഇത് എന്നു തോന്നുന്നില്ല. ലേബർ റൂമിൽ കിടക്കുന്ന ഓരോ സ്ത്രീയും തൻ്റെ അമ്മയുടെ സാന്നിധ്യമാകാം ആദ്യം ആഗ്രഹിക്കുന്നത്. 'ആ ഭയപ്പാടിലും വേദനയിലും അവർ തിരയുന്നതും വിളിക്കുന്നതും അമ്മയെ തന്നെയാണ്.
അങ്ങനെ പലരുടേയും പ്രസവ കോലാഹലങ്ങൾക്കു സാക്ഷിയായ ലേബർ റൂമിൽ നിന്നും കുറച്ചു മണിക്കൂറുകൾക്കു ശേഷം അമ്മയും കുഞ്ഞിനേയും റൂമിലേക്ക് കൊണ്ടു വരുന്നു. ഇനിയുള്ളത് ഇതിലും വ്യത്യസ്തമായ അനുഭവങ്ങൾ'.
C section കഴിഞ്ഞുള്ള ആദ്യ ദിനങ്ങൾ .... എഴുന്നേൽക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥ. പരസഹായം ഇല്ലാതെ ഒന്നിനും വയ്യാത്ത അവസ്ഥ. കുഞ്ഞിനെപ്പോലും എടുക്കാനോ പാലു കൊടുക്കാനോ പറ്റാത്ത സ്ഥിതി. 4-5 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലേക്ക് പോകാം എന്നായി. പോകാൻ നേരം ഒരു തവണ കൂടി ലേബർ റൂമും ഡോ ്് ക്ടേഴ്സിനേയും കാണാനിടയായി. ഇല്ല 'ഇനിയൊരു വരവില്ല ഇങ്ങോട്ട് ' എന്ന് മനസിൽ പറഞ്ഞു കൊണ്ട് അവരോട് യാത്ര പറഞ്ഞു. ഇനിയിങ്ങോട്ട് ഇല്ല എന്നല്ലേ.'.... ഇത് ഞങ്ങൾ ഒരുപാട് കേട്ടതാ, ഇനി 2 വർഷം കഴിഞ്ഞ് കാണാം എന്ന് തിരികെ അവരും മറുപടി നൽകി.🥴
മനസു കൊണ്ടും ശരീരം കൊണ്ടും ആകെ തളർന്നവൾ. ഒരു കുടുംബം മുഴുവൻ ചേർത്തു പിടിക്കാൻ കൂടെ ഉണ്ടായിട്ടും പറയാൻ കഴിയാത്ത ചില മാനസികാവസ്ഥകൾ ....... postpartum Period ഇവിടെ തുടങ്ങുകയായി. ബേബി ബ്ലൂസ് , postpartum depression എന്നിവയുടെ തല പൊക്കൽ ആയി പിന്നെയങ്ങോട്ട് . പലരുടേയും കുറ്റപ്പെടുത്തലുകൾ , ഉപദേശങ്ങൾ, താരതമ്യപ്പെടുത്തലുകൾ ... പ്രസവാനന്തരം സ്ത്രീകൾ അനുഭവിക്കുന്ന സ്ഥിരം അവസ്ഥ. മറ്റുള്ളവരുടെ സ്ഥിരം പല്ലവി " ലോകത്തിലാദ്യമായി പ്രസവിക്കുന്നവൾ ഒന്നും അല്ലല്ലോ" എന്ന് ... സങ്കടം എന്തെന്നു വച്ചാൽ സ്ത്രീകൾ തന്നെയാണ് ഇത് പരസ്പരം പറയുന്നത് എന്നതാണ്.എൻ്റെ നാരീ രത്നങ്ങളേ ...... ഇതാണോ നിങ്ങളുടെ സ്ത്രീ ശാക്തീകരണം?🫣 ഒരു വേള അവൾ ചിന്തിച്ചു പോയി.നിങ്ങൾ തന്നെ പരസ്പരം മനസിലാക്കാൻ ശ്രമിക്കാതെ കുത്തി നോവിച്ചും പഴിചാരിയും ഒറ്റപ്പെടുത്തിയും നിങ്ങളുടെ വർഗത്തെ വേദനിപ്പിക്കുമ്പോൾ പിന്നെ എങ്ങനാ പുരുഷ സമൂഹത്തെ മാത്രം കുറ്റപ്പെടുത്താനാകുക? നിങ്ങളുടെ ജീവിതാനുഭവങ്ങളെ ഇത്രയ്ക്കങ്ങ് നിസാരവത്കരിക്കേണ്ടതുണ്ടോ?എന്താല്ലേ ? 🤦♀️ഇങ്ങനെ ഒത്തിരി ഒത്തിരി ചോദ്യശരങ്ങളായി അവളിലെ യുക്തി ബോധം തിളച്ചു മറിഞ്ഞു. പിന്നെ ഇതാ ആയുർവേദവും അലോപ്പതിയും എല്ലാം ചേർന്നൊരു പ്രസവരക്ഷാ കാലം.
ഇനി അവളിലെ മാതൃത്വ കാഴ്ചകളിലേക്ക് പോകാം. രാത്രിയേയും പകലാക്കി മാറ്റിക്കൊണ്ടുള്ള ദിനങ്ങൾ .. കണക്കും സയൻസുമൊക്കെ മാറി ഇതാ ഇരയിമ്മൻ തമ്പിയുടേയും കൈതപ്രത്തിൻ്റെയും പല വേർഷനുകൾ മനസിൽ നിറയുന്നു. ആദ്യമൊക്കെ തൻ്റെ കുഞ്ഞു മണിയെ എങ്ങനെ എടുക്കണം എങ്ങനെ ഉറക്കണം എങ്ങനെ പാലു കൊടുക്കണം എന്നിങ്ങനെ ആകെപ്പാടൊരു അങ്കലാപ്പ് തന്നെയായിരുന്നു. പിന്നെപ്പിന്നെ അവൾ അതെല്ലാം നിഷ്പ്രയാസം സ്വായത്തമാക്കി തുടങ്ങി. യൂടൂബും ഇൻസ്റ്റയും ചാറ്റ്ജിപിടിയുമൊക്കെ സന്തത സഹചാരിയായി കൂടെയുള്ളപ്പൊ പിന്നെ ആശങ്കൾക്ക് വിട.അടുത്തത് പഴമയും പുതുമയും തമ്മിലെ വാഗ്വാദങ്ങൾ അഥവാ 90's ഉം 70's ഉം തമ്മിലെ തർക്കങ്ങൾ '. ശാസ്ത്രവും കീഴ് വഴക്കങ്ങളും തമ്മിലെ കശപിശ😂 എല്ലാം പല രീതിയിൽ ആസ്വദിച്ചു കൊണ്ട് ഇതാ മാസങ്ങൾ ഓരോന്നായി പിന്നിടുന്നു. ഇനി മദർഹുഡിൻ്റെ കാലമല്ലേ..' അതെ മില്ലേനിയൽസും ബീറ്റയും തമ്മിൽ ഒരു ടോം& ജെറി കാലം . ബി.എഡ് ഭാഷയിൽ പറഞ്ഞാൽ പിയാഷെയുടേയും കോർബർഗിൻ്റേയും തിയറികളിലെ പ്രായോഗികതയിലൂടെ ഒരു സഞ്ചാരം🫣
അതെ, ഒരു കുഞ്ഞിൻ്റെ ജനനം ഒരമ്മയുടെ കൂടി ജനനമാണ് ..അവളിലെ മറ്റൊരു ജീവിതത്തിൻ്റെ തുടക്കം 😊.
Comments
Post a Comment